അറിയുന്ന ഏതിനെപ്പറ്റിയും..

Sunday, January 11, 2009

ആന്‍ഡ്രേ റൂബ്ലേയ്‌‌ - ഒരു തിയ്യറ്റര്‍ അനുഭവം

നേരത്തെ കണ്ടതാണീ സിനിമ.
പൊട്ടിപ്പൊളിഞ്ഞ പ്രിന്റ്,തകരാറൊഴിയാത്ത പതിനാറ് എം.എം.മില്‍.
കഴിഞ്ഞ ദിവസം തൃശൂര്‍ രാഗത്തില്‍ കണ്ടത് മറ്റൊരു ആന്‍ഡ്രെ റൂബ്ലേയ് ആയിരുന്നു.
അത്രക്കുണ്ടതിന്‍ വ്യത്യാസം.
പാലൊഴിക്കുന്നതിന്റെയും വെള്ളമൊഴിക്കുന്നതിന്റെയും ശബ്ദം വ്യത്യസ്തമാണെന്ന് പറഞ്ഞു തന്ന തര്‍ക്കോവ്സ്കിയുടെ സിനിമ ദൃശ്യ ശ്രാവ്യ ഘടകങ്ങള്‍ സംവിധായകന്‍ ആഗ്രഹിച്ച സൌകുമാര്യത്തില്‍ തന്നെ കാണാനായതിന്റെ ആഹ്ലാദം അടക്കിവെക്കാന്‍ കഴിയുന്നില്ല.
ന്യൂയോര്‍ക്ക് ഫിലിം ഫെസ്റ്റിവലില്‍ ഈ സിനിമ പ്രദര്‍ശിച്ചതിന് ശേഷം കാണികളുടെ ആവശ്യപ്രകാരം രാത്രി തന്നെ വീണ്ടും പ്രദര്‍ശിപ്പിച്ചത് വായിച്ചൊരോര്‍മ്മയുണ്ട്.
കാഴ്ചയുടെ ശബ്ദത്തിന്റെ ഈ അനുഭവം തന്നെയാകാം അവിടെയും സംഭവിച്ചത്.
ഭരണകൂടത്തിന്റെ വിലക്കിനെ നേരിടാന്‍ പഴയ നൂറ്റാണ്ടുകളിലേക്ക് ആന്‍ഡ്രെയുടെ കഥ തേടിപ്പോയ തര്‍ക്കോവ്സ്കി പക്ഷെ സിനിമയെ വര്‍ത്തമാനകാലത്തിന്റെ അവസ്ഥയിലേക്ക് പരിവര്‍ത്തിപ്പിക്കുകയും വികസിപ്പിക്കുകയുമാണ് ചെയ്തത്.
സിനിമയില്‍ ഇതൊരു പഴങ്കഥയല്ല.
ഭരണസംവിധാനങ്ങള്‍ വ്യത്യസ്തമാണെങ്കിലും അതിന്റെ ക്രൌര്യം മനുഷ്യസ്നേഹിയായ കലാകാരനെ എങ്ങിനെ അപമാനിക്കുകയും നിയന്ത്രിക്കുകയും പീഢിപ്പിക്കുകയും ചെയ്യുന്നുവെന്നതാണല്ലൊ ആന്‍ഡ്രെയ് റൂബ്ലെയുടെ പ്രമേയം.
മനുഷ്യവിരുദ്ധമായ വന്യത നിലനില്‍ക്കുന്ന ലോകത്ത് കലാകാരന്റെ,മനുഷ്യന്റെ സഹജത എങ്ങിനെ നിലനിര്‍ത്തും എന്ന ചോദ്യമാണ് തര്‍ക്കോവ്സ്കി ഈ സിനിമയിലൂടെ ചോദിക്കുന്നത്.
തര്‍ക്കോവ്സ്ക്കിയുടെ സ്കള്‍പ്റ്റിംഗ് ഇന്‍ ടൈം(കാലത്തില്‍ കൊത്തിയ ശില്പം)എന്ന ആത്മകഥയും ഇതേ ചോദ്യം തന്നെയാണ് ആവര്‍ത്തിക്കുന്നത്.
സിനിമ നിര്‍മ്മിക്കാന്‍ സ്ക്രിപ്റ്റെഴുതി സര്‍ക്കാര്‍ സംവിധാനങ്ങള്‍ കയറിയിറങ്ങി അപമാനിതനാവുന്ന തര്‍ക്കൊവ്സ്കിയുടെ അനുഭവചിത്രം ചരിത്രത്തില്‍ കോറിയിട്ട രേഖകളാണ്.
തര്‍ക്കോവ്സ്കിയുടെ ആത്മ കഥ ആന്‍ഡ്രെയ് റൂബ്ലെയില്‍നിന്നും വായിക്കാം.

1 comment:

a traveller with creative energy said...

സിനിമ നിര്‍മ്മിക്കാന്‍ സ്ക്രിപ്റ്റെഴുതി സര്‍ക്കാര്‍ സംവിധാനങ്ങള്‍ കയറിയിറങ്ങി അപമാനിതനാവുന്ന തര്‍ക്കൊവ്സ്കിയുടെ അനുഭവചിത്രം ചരിത്രത്തില്‍ കോറിയിട്ട രേഖകളാണ്.
തര്‍ക്കോവ്സ്കിയുടെ ആത്മ കഥ ആന്‍ഡ്രെയ് റൂബ്ലെയില്‍നിന്നും വായിക്കാം.

സൌഹൃദങ്ങള്‍

ഇങ്ങിനെയും ഒരാള്‍

ചമയങ്ങളില്ലാതെ