സകല
അറിയുന്ന ഏതിനെപ്പറ്റിയും..
Thursday, April 2, 2009
കോട്ടക്കല്‍ ശിവരാമന്‍ മരിച്ചിട്ടില്ല
ശിവരാമേട്ടന്‍ ചെര്‍പ്പളശ്ശേരിയിലെ വീട്ടില്‍ സുഖമായിരിക്കുകയും ചെയ്യുന്നു.
നേര് നേരത്തെയറിയിക്കാന്‍ വെമ്പല്‍ കൊണ്ടതാണൊ ദേശാഭിമാനി.
മരണവീട്ടില്‍ തലേ ദിവസം പോകുന്ന ഒരു എം.എല്‍.എ യെപ്പറ്റി കേട്ടിട്ടൂണ്ട്.
Monday, March 30, 2009
മദനി/സി പി ഐ/എയ് ഡ്സ്
aids പോലെയാണ് വര്‍ഗ്ഗീയത.അത് വേഗത്തില്‍ പടര്‍ന്നുപിടിക്കുമെന്നുമാത്രമല്ല,സ്വതന്ത്രമായ ലൈംഗീകതയെ ഇല്ലാതാക്കി സ്വന്തം ഇണയില്‍ തൃപ്തിപ്പെടുക എന്നുള്ളതാണല്ലോ aids വിരുദ്ധര്‍ മുന്നോട്ടു വെക്കുന്ന മുദ്രവാക്യം.എത്ര മുദ്രവാക്യം തൊണ്ട കീറി വിളിച്ചാലും അനുഭവിക്കേണ്ടവര്‍ ലൈംഗീകത അനുഭവിക്ക തന്നെ ചെയ്യും.അത് കാമുകിയോടൊപ്പമാവാം,ചുവന്ന തെരുവില്‍ നിന്നാവാം,അല്ലെങ്കില്‍ എല്ലാവരും പറയുന്ന പോലെ അവിഹിതവുമാകാം.
പറഞ്ഞുവരുന്നത് വര്‍ഗ്ഗീയത ആപത്താണ്,പക്ഷെ നമ്മുടെ വിജയത്തിന് അവരുടെ വോട്ട് വേണ്ടെന്ന് പറയാനുള്ള താക്കത്ത് ഒരു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമില്ല എന്നാണ് ഇന്ത്യന്‍ തെരെഞ്ഞെടുപ്പ് രംഗം നമ്മോട് പറഞ്ഞു കൊണ്ടിരിക്കുന്നത്.
കേരളത്തിലാണെങ്കില്‍ മദനിയുടെ പി ഡി പി യുടെ കാര്യം മറ്റൊരു തലത്തിലാണ് ചര്‍ച്ച ചെയ്യേണ്ടത്.തന്റെ പഴയ കാലത്തെ തള്ളിപ്പറഞ്ഞുകൊണ്ടാണ് മദനി ഇടതു പക്ഷത്ത് നിലയുറപ്പിച്ചത്.നമുക്കതിനെ മുഖവിലക്കെടുക്കാം.പത്രക്കാരന്റെയും മറുപക്ഷക്കാരന്റെയും അജണ്ടയില്‍ നമുക്ക് ചിന്തിക്കേണ്ട കാര്യമില്ലല്ലോ.മദനി പറയുന്നതും പ്രവര്‍ത്തിക്കുന്നതും മാത്രമെ ഇനി നമ്മള്‍ നോക്കേണ്ടതുള്ളൂ.ഒരാളെ ഒരിക്കലും മാറാന്‍ അനുവദിക്കാത്ത സമൂഹത്തിലാണ് നാം ജീവിക്കുന്നതെന്നും നമ്മള്‍ മനസ്സിലാക്കണം.കള്ളന്‍ കള്ളനായി തുടരണം,തെരുവു പെണ്ണുങ്ങള്‍ മറ്റൊന്നാവാന്‍ പാടില്ല,ആദര്‍ശവാന്‍ ആയുധ ഇടപാടില്‍ പെട്ടാലും ആദര്‍ശവാന്‍ തന്നെ.
മദനി മുസ്ലീം ആണെന്നും മുസ്ലീമുകളാണ് ലോകത്തെ വിഷമയമാക്കുന്ന വര്‍ഗ്ഗീയവാദികളെന്നും അവര്‍ക്ക് ജനാധിപത്യ ചേരിയിലേക്ക് വരാന്‍ കഴിയില്ലെന്നും നമ്മള്‍ വിധിക്കും.അമേരിക്കന്‍ നാവിലൂടെ സംസാരിക്കാന്‍ നമ്മള്‍ ബുദ്ധിജീവികളും ബാദ്ധ്യസ്ഥരായിരിക്കുന്നു.അതു കൊണ്ടു തന്നെ മദനിയെ നന്നാവാന്‍ നമ്മള്‍ അനുവദിക്കരുത്.
മദനിയെ വിമര്‍ശിക്കുന്ന സി.പി.ഐ ഒരു കാര്യം അറിയുക.
അടിയന്തിരാവസ്ഥയില്‍ കൂടെക്കിടന്ന കോണ്‍ഗ്രസ്സുകാരോടാണിപ്പോഴും അവരുടെ കൂറെന്ന് ചരിത്രം നോക്കി പറഞ്ഞാല്‍ അവര്‍ സമ്മതിക്കുമോ.മദനിയായായാലും സി പി ഐ ആയാലും പ്രവര്‍ത്തനത്തിലൂടെ ഒരാളെ/പ്രസ്ഥാനത്തെ വിലയിരുത്തുക.
Tuesday, March 17, 2009
റിങ്ങ് ടോണ്‍ മാജിക്
ഒറ്റക്കാര്യം.
അയാളുടെ മൊബൈല്‍ ഫോണിലേക്ക് ഒന്നു റിങ്ങ് ചെയ്യുക.
നിങ്ങള്‍ കേള്‍ക്കാന്‍ വിധിക്കപ്പെടുന്ന റിങ്ങ് ടോണില്‍ നിന്നും നിങ്ങള്‍ക്കയാളുടെ സ്വഭാവത്തെ മനസ്സിലാക്കാം.
(മഞ്ഞണിക്കോമ്പില്‍ എന്ന പാട്ട് മനസ്സു കൊണ്ടിഷ്ടപ്പെടുകയും ഫട്ടേ അലിഖാന്റെ സംഗീതം റിങ്ങ് ടോണായി ഇടുകയും ചെയ്യുന്ന വ്യാജനല്ലെങ്കില്‍).
“എന്തെ കണ്ണനു കറുപ്പു നിറം.......ഓമലാളെ കണ്ടു ഞാന്‍ പൂങ്കിനാവില്‍....ഈ ജീവിതമെനിക്കെന്തിനു തന്നു ആണ്ടിവടിവോനെ.....സാമജവരഗമന....പുഞ്ച വയലു കൊയ്യാന്‍......ആ ദിവ്യനാമം അയ്യപ്പാ.....സന്ധ്യക്കെന്തിനു സിന്ദൂരം....പൈനാപ്പിള്‍ പെണ്ണെ....ഒരിക്കല്‍ മാത്രം വിളികേള്‍ക്കുമോ....ഭൂലോകം ഒരു സ്മശാനം.........ഈ പാട്ടൂകള്‍ കേള്‍ക്കുമ്പോള്‍ തെളിഞ്ഞു വരുന്ന മലയാളിമുഖങ്ങളെ മനസ്സിലോര്‍ക്കുക....ജാതി,മത,വിശ്വാസികളും,തകര്‍ന്ന റിയല്‍ എസ്റ്റേറ്റുകാരും,പൈങ്കിളി പ്രേമക്കാരും,മദ്ധ്യവര്‍ഗ്ഗ പ്രതിസന്ധിക്കാരും,മദ്യപാരും.............റിങ്ങ് ടോണുകള്‍ക്കൊപ്പം മനുഷ്യമുഖങ്ങളും നീണ്ടുനിവര്‍ന്നും വളഞ്ഞോടിഞ്ഞും വരും.
ഇതു പറഞ്ഞു വരുന്നത്
എന്റെ ഒരു സുഹൃത്തിന് ലോകാന്തര പ്രശസ്തനായ നയതന്ത്രജ്ഞനും എഴുത്തുകാരനും സര്‍വ്വോപരി കോണ്‍ഗ്രസ്സുകാരനുമായ ശശിയെ ഒന്ന് ഇന്റര്‍വ്യൂ ചെയ്യണം,മനോരമ ന്യൂസിന് വേണ്ടി.
ആള്‍ കേരളത്തില്‍ വരുന്നുണ്ടുതാനും.
ശശിയെ കിട്ടാന്‍ ആള്‍ പലരേയും മുട്ടി.
ഒടുവില്‍ മൊബൈല്‍ നമ്പര്‍ സംഘടിപ്പിച്ചു കൊടുത്ത സുഹൃത്ത് പറഞ്ഞു ”ഇത്രയേ പറ്റത്തുള്ളൂ....ഇനി നിന്റെ വഴിക്ക് വിളിക്കുകയോ കാണുകയോ ഇന്റര്‍വ്യൂ ചെയ്യുകയോ ആവാം.....”
പൂച്ചക്ക് പുന്നക്കുരു കിട്ടിയ പോലെ നമ്പറില്‍ നോക്കി നെടുവീര്‍പ്പിട്ട് അവന്‍ ആലോചിച്ചു.
ഇയാളൊരു സംഭവമാണ്.
യു.എന്‍. സെക്രട്രറി സ്ഥാനത്തേക്ക് മത്സരിച്ച് തോറ്റു തുന്നം പാടിയെങ്കിലും ആളൊരു പുലിയാണ്.
ഫോണില്‍ എന്തു പറഞ്ഞാണ് അഭിസംബോധന ചെയ്യുക,അതാണ് പ്രശ്നം.
സര്‍,സാ....ര്‍,ഹിസ് ഹൈ നെസ്സ്,നമസ്കാരം.......പാലക്കാടനല്ലെ...ഏട്ടേയ് എന്നു വിളിച്ചാലൊ തുടങ്ങിയ ഒട്ടേറേ സാധ്യതകള്‍ മനസ്സിലിട്ട് ഉരുക്കഴിച്ച് ഒടുവില്‍ ശാസ്താമംഗലത്തെ ഹൈനെസ്സ് ബാറില്‍ കയറി അച്ചാറു തൊട്ട് ഒരു നാലെണ്ണം അകത്താക്കി,ബാറിനരികിലെ മുടുക്കില്‍ പോയി ചെന്നിത്തലയുടെ കേരളയാത്രാ പോസ്റ്റര്‍ പതിച്ച മതിലില്‍ ചാരിനിന്ന് ശശിക്ക് ഫോണ്‍ ചെയ്തു.
ഒരു ചെറിയ നിശബ്ദതക്ക് ശേഷം അതാ..............റിങ്ങ് ടോണ്‍ വരുന്നു,ആശ്വാസത്തിന്റെ കുളിര്‍ തെന്നലായി.
“അല്ലിമലര്‍ കാവില്‍ വേല കാണാന്‍ നമ്മളന്നു പോയി,രാവില്‍ നിലാവില്‍....“
ഈ റിങ്ങ് ടോണ്‍ കെട്ടതോടെ “ഡാ ശശി“ എന്നു പോലും വിളിക്കാന്‍ തോന്നിപ്പിച്ചതായി നമ്മുടേ സുഹൃത്ത്.
ലോകത്തിലെ അറുബോറന്‍ അഭിസംബോധനയായ ‘സാറെ‘ എന്നു വിളിച്ച് കാര്യം പറഞ്ഞു.
വെരി സിമ്പിള്‍.
Sunday, January 18, 2009
ഒരുമ : കൈയ്യിട്ടുവാരികളുടെ ചാകര
ജനങ്ങള്‍ക്കു വേണ്ടി ഇനിയൊന്നും ചെയ്യാനില്ല, അതുകൊണ്ട് കോടികള്‍ മുടക്കി ഒരുമയെന്നോ തനിമയെന്നോ പേരിട്ട് കോടികള്‍ കലക്കുകയാണ് സര്‍ക്കാര്‍.
സ്ഥിരം നാടകവേദി പോലെ ഇതിന്റെ പിന്നില്‍ ഒരു പറ്റം ആളുകള്‍ അണിചേര്‍ന്നിരിക്കുന്നു.
കോണ്‍ഗ്രസ്സുകാരെന്നോ കമ്യൂണിസ്റ്റുകാരെന്നോ വ്യത്യാസമില്ലാതെ ഈ സാംസ്കാരിക ചാകരയില്‍ അണിചേര്‍ന്നിരിക്കുന്നു.
ചാകരക്ക് വള്ളമടുത്താല്‍ പോലും ഇത്ര ആളുകളും ആര്‍ത്തിയും കാണില്ല,കയ്യിട്ടു വാരാന്‍.
എങ്ങിനെയെങ്കിലും പത്രത്തില്‍ പടവും പോസും വരണം എന്നല്ലാതെ ജനപ്രതിനിധികള്‍ക്ക് മറ്റൊന്നുമില്ല.
ഇതിനു പിറകില്‍ മാഫിയാ സംഘം പോലെ ഒരു കൂട്ടം വളര്‍ന്നു വന്നിരിക്കുന്നു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്കും ഇതൊരു കൊയ്ത്താണ്.
കടലിനെ കല്ലിട്ട് തടഞ്ഞുനിര്‍ത്താമെന്ന അല്പബുദ്ധിക്കും അതില്‍ നിന്ന് കൈയ്യിട്ടുവാരാമെന്ന അതിബുദ്ധിക്കും മീതെയാണ് ഇപ്പോഴത്തെ കലാപരിപാടിയുടെ ഒരുമ.
കടലില്‍ കല്ലിടുന്നതുപോലെ ഇതിനും ഒരും കൈയ്യും കണക്കുമില്ല.
സിനിമാക്കാര്‍ക്കും അതിന്റെ പരിസരത്തുകൂടെ പോയവര്‍ക്കും കൊടുക്കുന്ന വൌച്ചറുകളിലൂടെ ലക്ഷങ്ങള്‍ ഒഴുകുന്നു,കടപ്പുറത്തുകാരെ സംസ്കാരം പഠിപ്പിക്കാന്‍.
സംസ്കാരമിപ്പോള്‍ സിനിമാ സീരിയല്‍ നടന്മാരില്‍ കൂടിയാണല്ലൊ.
പിന്നെ കടപ്പുറത്തുള്ളവര്‍ക്ക് കടലറിവും പങ്കായമെറിയലും പറഞ്ഞു കൊടുക്കുക,മീന്‍ കറിയുണ്ടാക്കാന്‍ പരിശീലനം,പോരെ പൂരം.
ഇതിന് സഹായമായി ലക്ഷങ്ങള്‍ വാരിയെറിഞ്ഞ് ടൂറിസം വളര്‍ത്താന്‍ സര്‍ക്കാരും.
ഖജനാവിലെ അവസാനത്തെ തുട്ടും കടലില്‍ കായം കലക്കുന്നതുപോലെ ചിലവാക്കി കുണ്ടിയും ചൊറിഞ്ഞു കടാപ്പുറത്തിരുന്നാല്‍ മതി ,കടല്‍ കടന്നു വരും കീശകിലുക്കി ടൂറിസ്റ്റുകള്.
Friday, January 16, 2009
ശില്പം കണ്ടെത്തലാണ്
വില്‍സ് പാടകലെ ശില്‍പ്പിരാജന്‍ ജീവിക്കുന്നു.
(വഴി ചോദിക്കുന്നവരോട് ശില്‍പ്പിരാജന്‍ പറയുന്നൊരു തമാശയുണ്ട്.
വലിയാലുക്കല്‍ സ്റ്റോപ്പില്‍ ബസ്സിറങ്ങി ഒരു വിത്സ് സിഗാര്‍ വാങ്ങി ചുണ്ടില്‍ വെക്കുക,റെയില്‍പ്പാളം ലക്ഷ്യമാക്കി നടക്കുക.വിത്സ് എരിഞ്ഞു തീരാറാകുമ്പോള്‍ ശില്പി രാജന്റെ വീടു ചോദിക്കുക.തൊട്ടടുത്തായിരിക്കും രാജന്റെ വീട്)
രാജന്‍ തൃശൂരിന്റെ മാത്രം ശില്‍പ്പിയല്ല.
കേരളത്തിനു പുറത്തും രാജന്‍ അറിയപ്പെടുന്നത്,ശില്പി എന്ന പേരിലാണ്.
നടന്നു തീര്‍ത്ത ജീവിതം കൊണ്ടും സൃഷ്ടിച്ചെടുത്ത ശില്‍പ്പ സമൂഹം കൊണ്ടും രാജന്‍ ആ പേരിനര്‍ഹമായതാണ്.
ചിമ്മിനി ഡാമില്‍ നിന്നാണ് ശില്‍പ്പി ജനിക്കുന്നത്,
കമ്പ്രസര്‍ ഓപ്പറേറ്ററായി താല്‍ക്കാലിക ജോലിയില്‍ പ്രവേശിച്ചതു മുതല്‍.
ഒഴിവു സമയങ്ങആളിലെ കാട്ടലച്ചിലിനിടയില്‍ പുഴയില്‍ നിന്നൊരു മരക്കഷണത്തില്‍ എത്തിപ്പെടുന്നു.
ഒഴുക്കിനിടയില്‍ അതില്‍ സംഭവിച്ച രൂപപരിണാമത്തില്‍ നോക്കി കുറച്ചു നേരം നില്‍ക്കുന്നു.
ശില്പം ഒരു കണ്ടെത്തലാണെന്ന് തിരിച്ചറിവില്‍ രാജന്‍ പുതിയൊരു ജന്മത്തിലേക്ക് പിറക്കുന്നു.
കത്തി കൊണ്ട്, കല്ലു കൊണ്ട്, അനുഭവം കൊണ്ട് രാജന്‍ മണ്ണില്‍, കല്ലില്‍,മരത്തില്‍ കോറുന്നു.
തെളിഞ്ഞു വരുന്ന ചിത്രങ്ങള്‍ രൂപങ്ങള്‍ തന്റെ സഹജമായ ഗോത്ര പാരമ്പര്യത്തിന്റെ പുനര്‍നിര്‍മ്മിതിയാണെന്നും അറിഞ്ഞിട്ടുണ്ടായിരിക്കണം രാജന്‍.
രാജന് ജീവിതം ശില്‍പ്പമായിരുന്നു.
കിട്ടുന്നതിലെല്ലാം രാജന്‍ തന്റെ ലോകം നിര്‍മ്മിച്ചു.
ലോകത്തിന്റെ പല ഭാഗങ്ങളില്‍ ശില്പങ്ങളായി അവ ജീവനോടെയിരിക്കുന്നു,രാജന്‍ തൃശൂരിലും.
ഭോപ്പാലില്‍ രാഷ്ട്രീയ മാനവ സംഗ്രാലയത്തില്‍,കോഴിക്കോട്ടെ ബീച്ചില്‍,ഗുരുവായൂരപ്പന്‍ കോളേജില്‍,മസ്കറ്റിലെ കലാകേന്ദ്രത്തില്‍.... സംവിധായകന്‍ അരവിന്ദന്റെ വീട്ടില്‍,നിര്‍മ്മാതാവായ കൊല്ലത്തെ രവിയുടെ വീട്ടില്‍,മോഹന്‍ലാലിന്റെ വീട്ടില്‍,മുരളിയുടെ വീട്ടില്‍,നെടുമുടിയുടെ വീട്ടില്‍,ബാംഗ്ലൂരിലെ ഛലത്തിന്റെ,കുമാറിന്റെ വീട്ടില്‍............അങ്ങിനെയങ്ങിനെ.....പുറത്തും അകത്തുമായി നൂറുകണക്കിന്.
കൂടെ സഞ്ചരിച്ച ചിത്രമെഴുത്തുകാര്‍ മെട്രൊ നഗരങ്ങളില്‍ സാമ്പത്തിക വിജയമാഘോഷിക്കുമ്പോള്‍ ശില്‍പ്പി ഇവിടെ തൃശൂരില്‍ നെടുപുഴയിലെ ഹെര്‍ബര്‍ട്ട് നഗറില്‍ രാധക്കും ശില്‍പ്പങ്ങള്‍ക്കുമൊപ്പം ജീവിക്കുന്നു,പുതിയ ശില്പങ്ങളുടെ പിറവി ഭാരവുമായി.
രാജനെ ഈ നമ്പറില്‍ കിട്ടും 9388558229
Sunday, January 11, 2009
ആന്‍ഡ്രേ റൂബ്ലേയ് - ഒരു തിയ്യറ്റര്‍ അനുഭവം
പൊട്ടിപ്പൊളിഞ്ഞ പ്രിന്റ്,തകരാറൊഴിയാത്ത പതിനാറ് എം.എം.മില്‍.
കഴിഞ്ഞ ദിവസം തൃശൂര്‍ രാഗത്തില്‍ കണ്ടത് മറ്റൊരു ആന്‍ഡ്രെ റൂബ്ലേയ് ആയിരുന്നു.
അത്രക്കുണ്ടതിന്‍ വ്യത്യാസം.
പാലൊഴിക്കുന്നതിന്റെയും വെള്ളമൊഴിക്കുന്നതിന്റെയും ശബ്ദം വ്യത്യസ്തമാണെന്ന് പറഞ്ഞു തന്ന തര്‍ക്കോവ്സ്കിയുടെ സിനിമ ദൃശ്യ ശ്രാവ്യ ഘടകങ്ങള്‍ സംവിധായകന്‍ ആഗ്രഹിച്ച സൌകുമാര്യത്തില്‍ തന്നെ കാണാനായതിന്റെ ആഹ്ലാദം അടക്കിവെക്കാന്‍ കഴിയുന്നില്ല.
ന്യൂയോര്‍ക്ക് ഫിലിം ഫെസ്റ്റിവലില്‍ ഈ സിനിമ പ്രദര്‍ശിച്ചതിന് ശേഷം കാണികളുടെ ആവശ്യപ്രകാരം രാത്രി തന്നെ വീണ്ടും പ്രദര്‍ശിപ്പിച്ചത് വായിച്ചൊരോര്‍മ്മയുണ്ട്.
കാഴ്ചയുടെ ശബ്ദത്തിന്റെ ഈ അനുഭവം തന്നെയാകാം അവിടെയും സംഭവിച്ചത്.
ഭരണകൂടത്തിന്റെ വിലക്കിനെ നേരിടാന്‍ പഴയ നൂറ്റാണ്ടുകളിലേക്ക് ആന്‍ഡ്രെയുടെ കഥ തേടിപ്പോയ തര്‍ക്കോവ്സ്കി പക്ഷെ സിനിമയെ വര്‍ത്തമാനകാലത്തിന്റെ അവസ്ഥയിലേക്ക് പരിവര്‍ത്തിപ്പിക്കുകയും വികസിപ്പിക്കുകയുമാണ് ചെയ്തത്.
സിനിമയില്‍ ഇതൊരു പഴങ്കഥയല്ല.
ഭരണസംവിധാനങ്ങള്‍ വ്യത്യസ്തമാണെങ്കിലും അതിന്റെ ക്രൌര്യം മനുഷ്യസ്നേഹിയായ കലാകാരനെ എങ്ങിനെ അപമാനിക്കുകയും നിയന്ത്രിക്കുകയും പീഢിപ്പിക്കുകയും ചെയ്യുന്നുവെന്നതാണല്ലൊ ആന്‍ഡ്രെയ് റൂബ്ലെയുടെ പ്രമേയം.
മനുഷ്യവിരുദ്ധമായ വന്യത നിലനില്‍ക്കുന്ന ലോകത്ത് കലാകാരന്റെ,മനുഷ്യന്റെ സഹജത എങ്ങിനെ നിലനിര്‍ത്തും എന്ന ചോദ്യമാണ് തര്‍ക്കോവ്സ്കി ഈ സിനിമയിലൂടെ ചോദിക്കുന്നത്.
തര്‍ക്കോവ്സ്ക്കിയുടെ സ്കള്‍പ്റ്റിംഗ് ഇന്‍ ടൈം(കാലത്തില്‍ കൊത്തിയ ശില്പം)എന്ന ആത്മകഥയും ഇതേ ചോദ്യം തന്നെയാണ് ആവര്‍ത്തിക്കുന്നത്.
സിനിമ നിര്‍മ്മിക്കാന്‍ സ്ക്രിപ്റ്റെഴുതി സര്‍ക്കാര്‍ സംവിധാനങ്ങള്‍ കയറിയിറങ്ങി അപമാനിതനാവുന്ന തര്‍ക്കൊവ്സ്കിയുടെ അനുഭവചിത്രം ചരിത്രത്തില്‍ കോറിയിട്ട രേഖകളാണ്.
തര്‍ക്കോവ്സ്കിയുടെ ആത്മ കഥ ആന്‍ഡ്രെയ് റൂബ്ലെയില്‍നിന്നും വായിക്കാം.
ആദരം, ജോര്‍ജ്ജേട്ടനും രാഗത്തിനും
മൂലധനമിറക്കി ലാഭം ലാഭം എന്ന് ഊണിലും ഉറക്കത്തിലും പുലമ്പുന്നവര്‍ക്കിടയില്‍ ജോര്‍ജ്ജേട്ടന്റെ വ്യക്തിത്വവും മനോഭാവവും തികച്ചും മാതൃകാപരമാണ്.അതിന് അര്‍ഹിക്കുന്ന ബഹുമാനം നമ്മള്‍ നല്‍കണം.
പാര്‍ട്ടി ഓഫീസില്‍ നിന്നും വാറോല വാങ്ങി ഭരണകൂട സ്ഥാപനങ്ങളുടെ കനിവില്‍ സാംസ്കാരിക കൂനന്മാരാകുന്നതിനേക്കാള്‍ ചാരുത ഈ ഫെസ്റ്റിവലിന് കൈവരുന്നതും ഇതു കൊണ്ടു തന്നെ.